ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കോളേജ് ലൈബ്രറികളിൽ നിന്നുമായി 4,200-ലധികം പുസ്തകങ്ങൾ സർക്കാർ പിൻവലിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു.
അവാമി ഇത്തിഹാദ് പാർട്ടി നേതാവും ലാംഗേറ്റ് എംഎൽഎയുമായ ഷെയ്ഖ് ഖുർഷീദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിവരങ്ങൾ വ്യക്തമാക്കിയത്. പരിശോധനയിൽ ആകെ 4,249 പുസ്തകങ്ങളാണ് ഒഴിവാക്കിയത്. ഇതിൽ 94 ശതമാനവും കാഷ്മീർ താഴ്വരയിലെ സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. ജമ്മു മേഖലയിൽ നിന്ന് 253 പുസ്തകങ്ങളും നീക്കം ചെയ്തു. കൂടാതെ, 2025 ഓഗസ്റ്റിലെ ഉത്തരവ് പ്രകാരം ഔദ്യോഗികമായി നിരോധിച്ച 19 തലക്കെട്ടുകളിലുള്ള 518 പുസ്തക പ്രതികളും ശേഖരങ്ങളിൽ നിന്ന് മാറ്റിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി നടന്ന സമഗ്രമായ അക്കാദമിക് ഓഡിറ്റിലൂടെ 21.81 ലക്ഷത്തിലധികം പുസ്തകങ്ങളാണ് സമിതികൾ പരിശോധിച്ചത്. അതേസമയം, ഏതൊക്കെ പുസ്തകങ്ങളും ഏതെല്ലാം എഴുത്തുകാരുടെ കൃതികളാണ് പിൻവലിച്ചതെന്നതിന്റെ കൃത്യമായ പട്ടിക സർക്കാർ പുറത്തുവിട്ടില്ലെന്ന് ആരോപിച്ച് എംഎൽഎ ഷെയ്ഖ് ഖുർഷീദ് രംഗത്തെത്തി. വിഷയം വരും ദിവസങ്ങളിലും സഭയിൽ സജീവമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.